----------------------
മത്തി പ്രിയർക്കു വളരെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള നല്ലൊരു വിഭവമാണ് എന്റെ പരീക്ഷണശാലയിൽ രൂപപ്പെട്ട - മത്തി മുന്തിരിയിട്ടു വറ്റിച്ചത്
പച്ചമുന്തിരിയുടെ പുളിയും ഇളംമധുരവും മത്തിയുടെ സ്വാദും തേങ്ങാപാലിന്റെ രുചിയും ചേർന്ന് നല്ലൊരു വ്യത്യസ്തമായ ഒരു വിഭവമാണ് ഇത്;
മോളിയുടെ സ്വാദിനോട് ചേർന്ന് നില്കുമെങ്കിലും അതിനേക്കാൾ അടിപൊളിയെന്നാണ് കഴിച്ചവരുടെ തർക്കമില്ലാത്ത അഭിപ്രായം; സംഭവം അപ്പം, ഇടിയപ്പം എന്നിവയുടെ കൂടെ കിടിലൻ കോമ്പിനേഷൻ തന്നെ.... ചൂടുള്ള ചമ്പാവരി അല്ലെങ്കിൽ കുത്തരി ചോറിന്റെ കൂടെയും നല്ലൊരു കറിയാണ്
എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം..
ആവശ്യമുള്ള ചേരുവകകൾ:
---------------------------------------------
1 ) കഴുകി വൃത്തിയാക്കിയ മത്തി - അര കിലോ (മത്തിയാണ് കൂടുതൽ സ്വാദു ഈ കറിക്കു; ചെറിയ അയിലയും നന്നായിരിക്കും; മറ്റു മീനുകൾ എത്രത്തോളം യോജിക്കുമെന്നു അറിയില്ല) (മത്തി വൃത്തിയാക്കുമ്പോൾ കല്ലുപ്പും ചെറുനാരങ്ങാ നീരും മഞ്ഞൾ പൊടിയും കൂടി ഇട്ടു നന്നായി തിരുമ്മി 10 മിനിറ്റ് മാറ്റി വച്ച ശേഷം കഴുകിയാൽ മത്തിയുടെ ഉളുപ്പ് മണം മാറുകയും നന്നായി വൃത്തിയാവുകയും ചെയ്യും.)
2 ) അധികം മധുരമില്ലാത്ത പുളിയുള്ള പച്ചനിറമുള്ള മുന്തിരി - കാൽ കിലോ (കുരുവില്ലാത്ത മുന്തിരിയാണ് കൂടുതൽ നല്ലതു; കുരു ഉള്ളതാണെങ്കിലും കുരു മാറ്റണം; ഇല്ലെങ്കിൽ കയ്പ് വരാൻ സാധ്യത ഉണ്ട്; ഈ മുന്തിരി നെടുകെ രണ്ടായി മുറിച്ചു മാറ്റി വയ്ക്കുക;)
3 ) പച്ചമുളക് ചതച്ചത് - ഒന്നര ടേബിൾസ്പൂൺ (എരിവ് അനുസരിച്ചു എടുക്കുക; ഇതിൽ എരിവിനായി മുളകുപൊടി ചേർക്കുന്നില്ല; കാന്താരി മുളകാണ് ഏറ്റവും നല്ലതും സ്വാദും; എനിക്ക് ലഭിക്കാത്തതിനാൽ സാധാരണ പച്ചമുളകാണ് ഞാൻ എടുത്തത്)
4 ) ഇഞ്ചി ചതച്ചത് - ഒരു ടേബിൾസ്പൂൺ
5 ) കറിവേപ്പില - ആവശ്യാനുസരണം
6 ) പച്ചമുളക് രണ്ടായി കീറിയത് - 5 എണ്ണം
7 ) സവാള അല്പം കനത്തിൽ നീളത്തിൽ അരിഞ്ഞത് - ഒരു ചെറിയ സവാളയുടെ പകുതി മത്തി
8 ) ചെറിയുള്ളി ചതച്ചത് - ഒന്നര ടേബിൾസ്പൂൺ
9 ) ചെറിയുള്ളി വട്ടത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
10 ) തേങ്ങയുടെ രണ്ടാം പാൽ - ഒരു ചെറിയ തേങ്ങയുടെ; ഏകദേശം രണ്ടു കപ്പ് പാൽ (ഇതിൽ അര ടേബിൾസ്പൂൺ കോൺ ഫ്ലോർ ചേർത്ത് കലക്കി വയ്ക്കുക - ചാര് കുറുതായി കിട്ടാനും; പാൽ പിരിഞ്ഞുപോകാനുള്ള സാധ്യത ഒഴിവാക്കാനും ആണ് ഇങ്ങനെ ചെയ്യുന്നത്;)
11 ) തേങ്ങയുടെ ഒന്നാം പാൽ - അര കപ്പ് ( അതെ തേങ്ങയുടെ)
12 ) കുരുമുളക് തരുതരുപ്പായി പൊടിച്ചത് - എരിവ് കുറവായി തോന്നിയാൽ മാത്രം ചേർക്കാം;
13 ) വെളിച്ചെണ്ണ - ആവശ്യാനുസരണം
14 ) തക്കാളി ക്യൂബുകൾ ആയി മുറിച്ചത് - ഒരു വലുത്
15 ) ഉലുവ - ഒരു റ്റീസ്പൂൺ
16 ) മഞ്ഞൾ പൊടി - അര റ്റീസ്പൂൺ
തയ്യാറാക്കുന്ന വിധം:
---------------------------------
1 ) ഒരു മൺചട്ടിയെടുത്തു (മൺചട്ടിയാണ് ഇത്തരം കറികൾക്കു കൂടുതൽ സ്വാദ്) അതിലേക്കു ഇഞ്ചി ചതച്ചത്; ഒരു പിടി കറിവേപ്പില കൈകൊണ്ടു കീറിയത്, ചെറിയുള്ളി ചതച്ചത്, സവാള നീളത്തിൽ അരിഞ്ഞത്, പച്ചമുളക് ചതച്ചത്, ഉപ്പു ആവശ്യത്തിന്, മഞ്ഞൾ പൊടി, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് ഞെരടി യോജിപ്പിക്കുക; നല്ല മണമായിരിക്കും ഇപ്പോൾ തന്നെ; ഇതിലേക്ക് രണ്ടായി മുറിച്ചു കുരു നീക്കി വച്ചിരിക്കുന്ന പച്ചമുന്തിരിയും കഴുകി വൃത്തിയാക്കിയ മത്തിയും ചേർത്ത് കൈകൊണ്ട് വീണ്ടും ഒന്ന് യോജിപ്പിച്ചു തട്ടി പൊത്തി ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക;
2 ) ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ഒഴിച്ച് (മീനും മറ്റു ചേരുവകകളും ഒന്ന് മുങ്ങികിടക്കാൻ മാത്രം അളവിൽ ഒഴിക്കുക; ഒരുപാടു ലൂസ് ആകരുത്) ഒന്ന് ഇളക്കി ചട്ടി ഒന്ന് ചുറ്റിച്ചു അടുപ്പു കത്തിച്ചു അടുപ്പിൽ വയ്ക്കുക;
3 ) നന്നായി ഒന്ന് തിള വരുമ്പോൾ തീ കുറച്ചു മീഡിയം തീയിൽ 20 മിനിറ്റ് നേരം വെന്തു രുചിയെല്ലാം ഇറങ്ങി നന്നായി കുറുതായി വരണം; (തേങ്ങാപാൽ ചേർത്തുള്ള കറികൾ മൂടി വച്ച് വേവിച്ചാൽ പാൽ പിരിഞ്ഞുപോകാനുള്ള സാധ്യത കൂടുതൽ ആണ്; അതിനാൽ തുറന്നു വച്ച് തന്നെ വേവിക്കാൻ ശ്രദ്ധിക്കുക) മത്തിയുടെ രുചി മുന്തിരിയിലും മുന്തിരിയുടെ രുചി മത്തിയിലും പിടിച്ചു ചാറ് കുറുതായി വറ്റി വരട്ടെ; ഇടയ്ക്കു ചട്ടി എടുത്തു നന്നായി ഒന്ന് ചുറ്റിച്ചു വയ്ക്കാൻ മറക്കരുത്; തവികൊണ്ട് ഇളക്കാതിരിക്കുന്നതാണ് ഉചിതം; ഇല്ലെങ്കിൽ മീനെല്ലാം ഉടഞ്ഞു പോകും; ഉപ്പും, എരിവും പുളിയും നോക്കി പകമാക്കുക; എരിവ് കുറവായി തോന്നിയാൽ കുരുമുളക് തരുതരുപ്പായി പൊടിച്ചത് ചേർക്കാം; (കടകളിൽ നിന്ന് വാങ്ങുന്ന കുരുമുളക് പൊടി ചേർക്കരുത്; പൌഡർ പോലുള്ള ഇത്തരം പൊടികൾ ചേർത്താൽ കയ്പുരസം ഉണ്ടായിരിക്കും) പുളി കുറവായി തോന്നിയാൽ അല്പം വിനാഗിരി ചേർക്കാം; ഈ സമയത്തു തക്കാളി ചേർക്കാം; തക്കാളി ഉടയാതെ ഇരിക്കണം അതിനാണ് ഈ സമയത്തു ചേർക്കുന്നത്; ഒന്ന് വാടി കിട്ടിയാൽ മാത്രം മതി; എല്ലാം ചേർത്ത ശേഷം ഒന്ന് കൂടി ചുറ്റിച്ചു ചെറിയ തീയി അഞ്ചു മിനിറ്റ് കൂടി വേവിക്കാം;
5 ) ചാറ് നന്നായി വറ്റി മീൻ മുകളിൽ കാണുന്ന പരുവം ആകുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് നന്നായി ചുറ്റിച്ചു യോജിപ്പിക്കുക; ശേഷം മീഡിയം തീയിൽ ഒന്ന് ചൂടായി ആവി വരുമ്പോൾ തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക;
6 ) ഒരു ചെറിയ ചീനച്ചട്ടി ചൂടാക്കി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ടു പൊട്ടിച്ചു ചെറിയുള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ബ്രൗൺ ആകുന്നതു വരെ വറുക്കുക; അതിലേക്കു കറിവേപ്പില രണ്ടു തണ്ടും പച്ചമുളക് നെടുകെ കീറിയതും കൂടി ഇട്ടു നന്നായി വറുത്തു വരുമ്പോൾ ഈ താളിപ്പു കറിക്കു മുകളിൽ ഒഴിച്ച് സ്പൂൺ കൊണ്ട് ഒന്ന് എല്ലായിടത്തും ആക്കി അഞ്ചു മിനിറ്റ് മൂടി വയ്ക്കുക;
അടിപൊളി സ്വാദുള്ള മത്തി പച്ചമുന്തിരിയിട്ടു വറ്റിച്ചത് റെഡി. അപ്പത്തിന്റെയും ഇടിയപ്പത്തിന്റെയും കൂടെ കിടിലൻ കോമ്പിനേഷൻ ആണ്; ചോറ്, ചപ്പാത്തി, ദോശ ഇതിന്റെ കൂടെയെല്ലാം കഴിക്കാം;
---------------------------------------------------
മലബാർ അടുക്കള എന്ന വലിയ കുടുംബം നാളിതുവരെ എനിക്ക് നൽകിയ സ്നേഹവും സപ്പോർട്ടും വളരെ വലുതാണ്.. പാചകലോകത്തു എന്തെങ്കിലുമൊക്കെ ചെയ്യാൻ സാദിച്ചീട്ടുണ്ടെങ്കിൽ അത് ഇവിടെ നിന്ന് കിട്ടിയ അറിവുകളും പ്രോത്സാഹനവും മാത്രമാണ്.. 429 റെസിപ്പികൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ ദൈവം സഹായിച്ചു.. എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു... നേതൃത നിരയിലുള്ളവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു.. ഖത്തറിലെ പ്രിയ മലബാർ അടുക്കള കുടുംബാംഗങ്ങളോടും എന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു..
മലബാർ അടുക്കള എന്ന ഈ വലിയ കുടുംബം കൂടുതൽ ചരിതമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ആശംസിക്കുന്നു..
ഒരുപാടു ഒരുപാടു സ്നേഹത്തോടെ... പ്രാർത്ഥനയോടെ....
റൈജു, ഖത്തർ